കോഴിക്കോട്: പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; അഞ്ചു ജില്ലകളിൽ ശക്തമായ മഴയുടെ മുന്നറിയിപ്പ്
പശ്ചിമ ബംഗാളിന്റെയും ഝാർഖണ്ഡിന്റെയും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നീളുന്ന ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് അറിയിപ്പ്.
ഇന്ന് അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിനകം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം, കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കുള്ള സാധ്യതയുണ്ട്. തമിഴ്നാട് തീരത്തും 1.9 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയും കള്ളക്കടൽ പ്രതിഭാസവും ഉണ്ടാകാമെന്ന് മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.
Caution! A new low pressure has formed.